തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി റാങ്കിലുള്ള അഴിമതിക്കാരുടെ പട്ടിക പോലീസ് ആസ്ഥാനത്തു തയാറായി. സത്യസന്ധരും നല്ല കാര്യങ്ങള്‍ മുന്‍കയ്യെടുത്തു നടപ്പാക്കുകയും ചെയ്യുന്ന മികച്ച ഓഫിസര്‍മാരെ ‘ഗ്രീന്‍’ പട്ടികയിലും പരാതികളില്ലെങ്കിലും ഒന്നിനും മുന്‍കയ്യെടുക്കാതെ ‘കഴിഞ്ഞുകൂടി’ പോകുന്നവരെ ‘ഓറഞ്ച് ‘പട്ടികയിലും കൈക്കൂലിക്കാരായ ഓഫീസര്‍മാരെ ‘റെഡ്’ പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
320 ഡിവൈഎസ്പിമാരില്‍ 45 പേര്‍ കൈക്കൂലി, അഴിമതിപ്പട്ടികയില്‍പെടും. 740 സിഐമാരില്‍ 120 പേര്‍ കൈക്കൂലി, അഴിമതി, മാഫിയ ഗുണ്ടാ ബന്ധമുള്ളവരുടെ പട്ടികയിലുണ്ട്. ഗ്രീന്‍ പട്ടികയില്‍ 190 സിഐമാരുണ്ട്. ഓറഞ്ച് പട്ടികയി ല്‍430 പേര്‍ ഉള്‍പ്പെടുന്നു. 120 പേര്‍ റെഡ് പട്ടികയിലും. ഡിവൈഎസ്പിമാരില്‍ ഗ്രീന്‍ 60, ഓറഞ്ച് 215, റെഡ് 45 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍.
അതേസമയം, സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും ഈ പട്ടികയാണ് ഇനി ആഭ്യന്തരവകുപ്പ് പരിഗണിക്കുക. അഴിമതിപ്പട്ടികയിലുള്ള ഓഫിസര്‍മാര്‍ക്കു വേണ്ടി ‘രാഷ്ട്രീയ ശുപാര്‍ശ’ കുറയ്ക്കുന്നതിനും ഈ പട്ടിക ഉപകരിക്കും. ഓരോ ഓഫിസറെക്കുറിച്ചും ഇന്റലിജന്‍സ് നിരീക്ഷണത്തിനു പുറമേ പരാതിക്കാരില്‍നിന്നും നാട്ടില്‍നിന്നുമുള്ള പൊതു അഭിപ്രായവും പരിഗണിച്ചാണ് പട്ടികയൊരുക്കുന്നത്.

