തിരുവനന്തപുരം: വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമായിരിക്കണം ഈ വിധിയെന്നും പ്രതി കിരൺ കുമാറിനെതിരായ സർക്കാർ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയ കേസ് പ്രതി കിരൺകുമാറിനെ പിരിച്ചുവിട്ടപ്പോൾ ഏറെ വിമർശനങ്ങൾ ഉണ്ടായിരുന്നു. കിരണിനെതിരെ സ്വീകരിച്ച നടപടിയിലൂടെ ഒരു സന്ദേശമാണ് സർക്കാർ നൽകിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നൽകില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്.
കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായത്. കിരണിനെതിരെ എടുത്ത നടപടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ ഗാർഹിക പീഡന പരാതികളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

