പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം; ഗതാഗതമന്ത്രിക്കെതിരെ ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിനായി ഓവർ ഡ്രാഫ്ട് എടുത്ത് കെഎസ്ആർടിസി മാനേജ്‌മെന്റ്. 50 കോടി രൂപയാണ് കെ എസ്ആർടിസി ഓവർഗ്രാഫ്റ്റ് എടുത്തത്. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ഇന്ന് ശമ്പളവിതരണം നടത്താനാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

ശമ്പള വിതരണത്തിനായി 30 കോടി രൂപ സർക്കാരിൽ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേർത്താണ് ഇന്ന് മുതൽ ശമ്പളവിതരണം നടത്താൻ തീരുമാനിച്ചത്. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം വിതരണം ചെയ്യുക. ശനിയാഴ്ച്ച വൈകുന്നേരത്തോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു.

പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സഹായം തേടുന്നത് ഒരു കുറവായിട്ടാണ് ചിലർ കരുതുന്നത്. ആ കുറവ് സിഐടിയുവിന് ഇല്ല. കേന്ദ്രസർക്കാർ പൊതുമേഖാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുമ്പോൾ അതിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ആ സാഹചര്യത്തിൽ മന്ത്രി ഒരു പൊതുമേഖലാസ്ഥാപനത്തെ പൂർണമായും കൈവിട്ടത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെ കെഎസ്ആർടിസിയെ സംരക്ഷിക്കാമെന്നതിന് ഒരു ബദൽനയം സിഐടിയു രൂപീകരിക്കും. അത് അടുത്തമാസം സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.