ഐപിഎല്‍ സമയം മാറുന്നോ?

ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത് വൈകിട്ട് 7.30നാണ്. എന്നാല്‍, രണ്ട് മത്സരങ്ങളുള്ള ദിവസമാണെങ്കില്‍ ആദ്യ പോരാട്ടം 3.30 നാണ് തുടങ്ങുക. പക്ഷേ ഐപിഎല്ലിലെ കളി സമയത്തില്‍ അടുത്ത സീസണ്‍ മുതല്‍ മാറ്റമുണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. 2023 സീസണ്‍ മുതല്‍ വൈകിട്ട് 8 മണിക്കും, രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകിട്ട് 4 മണിക്കും ആരംഭിക്കാനുള്ള നീക്കത്തിലാണ് ബിസിസിഐ.

നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം. എന്നാല്‍, ഈ സീസണോടെ ഇത് അവസാനിക്കുകയാണ്. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തേത്തുള്ള ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍ക്കായി ഈ മാസം ലേലമുണ്ടാകും. പല വമ്ബന്‍ മാധ്യമ കമ്ബനികളും ഇതിനായി രംഗത്തുണ്ട്. ഐപിഎല്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കാന്‍ രംഗത്തുള്ള പാര്‍ട്ടികളോട് അടുത്ത സീസണ്‍ മുതല്‍ വൈകിട്ട് 8 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതിനാണ് തങ്ങള്‍ താല്പര്യപ്പെടുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.