സുധാകരൻ എന്തും ചെയ്യാൻ മടിയില്ലാത്തയാൾ; രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമെന്ന് എം എം മണി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി. മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശത്തിലാണ് അദ്ദേഹം സുധാകരനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. സുധാകരൻ എന്തും ചെയ്യാൻ മടിയില്ലാത്തയാളാണെന്ന് എം എം മണി വ്യക്തമാക്കി.

രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമാണ് സുധാകരനിൽ നിന്നുണ്ടായത്. കെ സുധാകരൻ പറഞ്ഞത് അങ്ങേയറ്റത്തെ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണി മുഴക്കി കെപിസിസി പ്രസിഡന്റ് ആയ ആളാണ് സുധാകരൻ. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ താൻ ബിജെപിയിൽ കൂടുമെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞയാളാണ്. അവര് പേടിച്ച് അയാളെ ആക്കിയതാണെന്നും കെപിസിസി പ്രസിഡന്റ് ആയശേഷം തനിസ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും മണി വിമർശിച്ചു.

ധീരജ് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇരന്നു വാങ്ങിയതാണെന്നാണ്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റം യുഡിഎഫിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.