കെ-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങും; മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി-സ്വിഫ്റ്റിനായി സർവ്വീസ് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.