ദേശീയ ഹരിത ട്രൈബ്യൂണലിനുള്ള കേന്ദ്ര നിയമം ഭരണഘടന വിരുദ്ധമല്ല; സുപ്രീം കോടതി

ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണലിനുള്ള കേന്ദ്ര നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ട്രൈബ്യൂണൽ ഉത്തരവുകളെ സുപ്രീംകോടതിയിൽ നേരിട്ട് ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമം ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് മധ്യപ്രദേശിലെ ഒരുസംഘം അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.

നിയമം നടപ്പിലായാൽ കേന്ദ്ര സർക്കാരിന് തന്നിഷ്ട പ്രകാരം തീരുമാനമെടുക്കാൻ സാധിക്കുമെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാന സർക്കാരുകളെയോ, ചീഫ് ജസ്‌ററീസിനെയോ അറിയിക്കാതെ കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളിൽ ബഞ്ച് രൂപീകരിക്കാൻ സാധിക്കും. അതിനാൽ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഈ വാദങ്ങൾ തള്ളി. നിയമത്തിൽ ഭരണഘടന വിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രസർക്കാരിന് നിയമവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. ഇതിനായുള്ള ചട്ടങ്ങളും രൂപീകരിക്കാം. ട്രൈബ്യൂണൽ ഉത്തരവുകളെ നേരിട്ട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു.