ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ നെഹ്റു കുടുംബത്തേയും നേതൃത്വത്തേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

അതേസമയം, ഭാവിയില്‍ ഗുജറാത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും തന്റെ തീരുമാനം ഗുജറാത്തിലെ ജനങ്ങളും തന്റെ സഹപ്രവര്‍ത്തകരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും ഹാര്‍ദിക് ട്വീറ്റ് ചെയ്തു.

പട്ടീദാര്‍ സമര നേതാവായ ഹാര്‍ദിക് പട്ടേല്‍ 2019 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2020 ല്‍ അദേഹം കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായി. കുറച്ചുകാലങ്ങളായി കോണ്‍ഗ്രസിനേയും നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്ര്സ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേലിന്റെ ആരോപണം.