കെ-റെയില്‍: ജിപിഎസ് സര്‍വേയും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ ജിപിഎസ് സര്‍വേയെയും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

‘കെ-റെയിലില്‍ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണ്. കേരളത്തിലെവിടെയും ഭൂമിയില്‍ ഇറങ്ങി വന്നു സര്‍വേ നടപ്പാക്കാന്‍ സര്‍ക്കാരിന് പറ്റില്ല. അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. എന്നാല്‍, കെ റെയിലിന്റെ ജിപിഎസ് സര്‍വേയേയും എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ കല്ലിടില്ല എന്ന് പറയുന്നുണ്ട്. എന്നാല്‍ മന്ത്രിമാരും നേതാക്കളും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കന്‍ ഉള്ള ശ്രമം ആയിരുന്നു സര്‍ക്കാര്‍ നടത്തിയത്. അതാണിപ്പോള്‍ പരാജയപ്പെട്ടത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം വിജയമാണ്. എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണ്. ആരാണ് വികസന വിരുദ്ധര്‍ എന്ന് തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നു, എറണാകുളം ജില്ലയില്‍ ഇടത് മുന്നണിക്ക് ചൂണ്ടി കാണിക്കാന്‍ പോലും ഒരെണ്ണമില്ല’- സതീശന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, പദ്ധതിയില്‍ സര്‍വേ കല്ലിടുമോ ഇല്ലയോ എന്ന തര്‍ക്കത്തിന് ഇനി പ്രസക്തിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മഞ്ഞക്കല്ല് സ്ഥാപിക്കുന്ന പരിപാടി കെ-റെയില്‍ അവസാനിപ്പിച്ചിട്ടുണ്ട്. ആധുനിക സങ്കേതങ്ങള്‍ ഉപോയഗിച്ച് സര്‍വെ തുടരും എന്നാണ് കെ റെയില്‍ നിലപാട്.