ജയിച്ചേ തീരൂ; ഐപിഎല്ലില്‍ ഹൈദരാബാദിന് ഇന്ന് ജീവന്‍ മരണപ്പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‌ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞ മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫ് പ്രതീക്ഷ കണക്കിലും കടലാസിലും മാത്രം ബാക്കിയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. സീസണിലെ നാലാം ജയത്തിലൂടെ ആരാധകരുടെ സങ്കടം കുറച്ചെങ്കിലും കുറയ്ക്കുകയാണ് മുംബൈയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ച് കളിയില്‍ ജയിച്ച് എതിരാളികളെ ഞെട്ടിച്ച ഹൈദരാബാദ് അവസാന അഞ്ച് കളിയിലും തോറ്റു. ഇനിയുള്ള രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്റില്‍.

പ്ലേ ഓഫിന് ചുരുങ്ങിയത് പതിനാറ് പോയിന്റെങ്കിലും വേണ്ടിവരുമെന്നിരിക്കേ അത്ഭുതങ്ങള്‍ സംഭവിച്ചാലേ കെയ്ന്‍ വില്യംസണും സംഘത്തിനും പ്രതീക്ഷയുള്ളൂ. മുംബൈയോട് തോറ്റാല്‍ കണക്കിലെ കളികളും അവസാനിപ്പിക്കാം. ഭേദപ്പെട്ട ബൗളിംഗ് നിരയുണ്ടെങ്കിലും ബാറ്റര്‍മാരുടെ അസ്ഥിരതയാണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. ക്യാപ്റ്റന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സിന് ബാധ്യതയായിക്കഴിഞ്ഞു. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും തിലക് വര്‍മ്മയും റണ്‍സിലേക്ക് തിരിച്ചെത്തിയെങ്കിലും ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗളമാരുടെ മങ്ങിയ പ്രകടനം മുംബൈയ്ക്ക് ആശങ്കയായി തുടരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സീസണിലിതുവരെ ഒരു അര്‍ധസെഞ്ചുറിപോലും നേടിയിട്ടില്ല. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനും മുംബൈ നായകനായിട്ടില്ല.

സീസണില്‍ ഇതുവരെ ഓപ്പണിംഗ് സഖ്യത്തെ മാറ്റാത്ത രണ്ട് ടീമുകളാണ് മുംബൈയും ഹൈദരാബാദും. ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ ഒഴികെയുള്ള ഓപ്പണര്‍മാരിലാരും 30 മുകളില്‍ ശരാശരിയോ 130ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോ ഇല്ലാത്തവരാണെന്നതും ശ്രദ്ധേയമാണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്കാണ് നേരിയ മേല്‍ക്കൈ. ഇരുടീമും പതിനേഴ് കളിയില്‍ മുന്‍പ് ഏറ്റുമുട്ടി. മുംബൈ ഒന്‍പതിലും ഹൈദരാബാദ് എട്ടിലും ജയിച്ചു.