ട്വന്റി-ട്വന്റിയും ആംആദ്മിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖം: മന്ത്രി എം.വി ഗോവിന്ദന്‍

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ട്വന്റി ട്വന്റി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

മന്ത്രിയുടെ വാക്കുകള്‍

ബൂര്‍ഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോണ്‍ഗ്രസ് ആണ്. കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം കേരളത്തില്‍ വിലപ്പോകില്ല. മാപ്പ് പറയണമെന്ന ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ല. സര്‍ക്കാരിന് സ്വന്തം നിലപാടുണ്ട്. അത് ആരെങ്കിലും പറഞ്ഞതുകൊണ്ട് മാറ്റാനാവില്ല. വ്യവസായ വകുപ്പ് ഒരു നിലപാട് സ്വീകരിക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്ബനികളെയോ കണ്ടല്ല. കിറ്റെക്സിനോട് പകപോക്കലില്ല. തൃക്കാക്കരയില്‍ എ.എ.പി-ട്വന്റി ട്വന്റി വോട്ടുകള്‍ പൂര്‍ണമായി എല്‍.ഡി.എഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ബാധിക്കുന്നതല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ രാഷ്ട്രീയ പ്രസക്തിയില്ല. അതിനാല്‍ എല്‍.ഡി.എഫിന് രാഷ്ട്രീയ നഷ്ടമുണ്ടാവില്ല. തൃക്കാക്കരയില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. കേരളത്തില്‍ ഭരണം പിടിക്കുമെന്ന് ബിജെപി പറയാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി. എന്താണ് കേരളത്തിലെ ബിജെപിയുടെ അവസ്ഥ. കേരളത്തെ പോലെ മാതൃക കാണാന്‍ സാധിക്കുന്ന മറ്റൊരു പ്രദേശം ലോകത്തില്ല. എന്നാല്‍, കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. അതുമായി മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഭരണം പിടിച്ചവര്‍ക്ക് കേരളം പിടിക്കാന്‍ സാധിക്കുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ബിജെപി അടക്കമുള്ളവര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പറയുന്നത് പോലെ കേരളത്തില്‍ പറഞ്ഞാല്‍ നടക്കാത്തത്.’

അതേസമയം എഎപി, ട്വന്റി-20 പാര്‍ട്ടികളുമായുള്ള ബന്ധം സംബന്ധിച്ച് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് എം സ്വരാജും വ്യക്തമാക്കി. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാത്രമേ തനിക്ക് ഉത്തരാവിദത്തമുള്ളൂ. അത് പലരും അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.