തിരുവനന്തപുരം: ചെലവും സമ്മാനത്തുകയും കഴിഞ്ഞ് ചെറിയ ലാഭം മാത്രമേ ലോട്ടറിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നുള്ളൂവെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലാഭത്തിലുപരി രണ്ടുലക്ഷം പേരുടെ ഉപജീവനമാര്‍ഗമാണ് ലോട്ടറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ പ്രകാശന വേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവിക്കുന്നൊരു സംവിധാനമാണ് കേരളത്തിലെ ലോട്ടറി. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ലോട്ടറിയിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനം ഒരു കോടി രൂപയാണ്. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ് നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകള്‍ വില്‍പന പുരോ?ഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്നതായിരിക്കും.
അതേസമയം, ലോട്ടറി വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തിയ്യതി എന്നിവ ഫ്ളൂറസെന്റ് ലെറ്ററിങ്ങിലായിരിക്കും ഉപയോഗിക്കുക. ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പു നടത്താന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകാര്‍ കുടുങ്ങുകയും ചെയ്യും. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താനാണ് ഭാഗ്യക്കുറി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

