വിജിലന്‍സ് റെയ്ഡ്; എക്‌സൈസ് ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.4 ലക്ഷം രൂപ

പാലക്കാട്: പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഡിവിഷന്‍ ഒാഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 8.4 ലക്ഷം രൂപ പിടിച്ചെടുത്തു. കള്ളുഷാപ്പുകളുടെ പെര്‍മിറ്റും കള്ളുകൊണ്ടു പോകുന്നതിനുളള പെര്‍മിറ്റുകള്‍ പുതുക്കുന്നതിനും വലിയതോതില്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്തതില്‍ 2,24,000 രൂപ ഒാഫീസ് പ്യൂണിന്റെ കൈയില്‍ നിന്നാണ് പിടികൂടിയതെന്നാണ് വിവരം.

കള്ള് പെര്‍മിറ്റ് പുതുക്കല്‍ സമയം ഏപ്രില്‍ 15ന് അവസാനിച്ചെങ്കിലും നടപടികള്‍ക്കായി ചിറ്റൂര്‍ റേഞ്ച്, സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ നേരത്തേ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കുവയ്ക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിവിധ ജില്ലകളിലേക്കു പാലക്കാട്ടുനിന്നു കള്ളുകൊണ്ടുപോകാനുള്ള പെര്‍മിറ്റിനു ലീറ്ററിന് 12 രൂപ വീതം 4 ഒാഫീസുകളില്‍ വാങ്ങുന്നുവെന്നാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരാതി. വര്‍ഷത്തില്‍ രണ്ടു തവണയാണ് പെര്‍മിറ്റ് പുതുക്കേണ്ടത്.

അതേസമയം, കഴിഞ്ഞ നവംബറില്‍ ചിറ്റൂര്‍ സിഐ ഒാഫീസില്‍ ഇതേ സംഭവത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.