തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പി.വി ശ്രീനിജന്‍ എംഎല്‍എയുടെ നിലപാടിനെ തള്ളി മന്ത്രി പി. രാജീവ്. ‘ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്. ട്വന്റി ട്വന്റിയുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും. കെ റെയില്‍ വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലത്. വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണ്’- രാജീവ് ചൂണ്ടിക്കാട്ടി.
ട്വന്റി-ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സാബു എം.ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് പി.വി. ശ്രീനിജന്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആരുടെ കൈയിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു പി.വി. ശ്രീനിജന്‍ പരിഹസിച്ചത്. എന്നാല്‍, പോസ്റ്റ് ചര്‍ച്ചയായതോടെ ശ്രീനിജന്‍ എംഎല്‍എ അത് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി-ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിജന്‍ എംഎല്‍എ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ ഇടതു മുന്നണി ഇടപെട്ട് തടയണമെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.

