തിരുവനന്തപുരം: സംസ്ഥാനത്തെ 36 അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കടം 31,800 കോടി രൂപയെന്ന സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ എടുത്ത വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത സര്‍ക്കാരിന്റെ തലയിലാവുന്ന സാഹചര്യത്തില്‍ കിഫ്ബിയെ കേരളത്തിന്റെ വായ്പാ പരിധിയില്‍ കൊണ്ടു വരുന്നതിന് സാധ്യതകളേറെയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാണ് കിഫ്ബിയുടെയും കൊച്ചിമെട്രോയുടെയും കടങ്ങള്‍ കൂടി സര്‍ക്കാര്‍ ബാധ്യതകളുടെ പട്ടികയില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ലോണ്‍ എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശേഷി കുറവു വരുന്നതോടെ ശമ്പളവും പെന്‍ഷനും പോലും മുടങ്ങാന്‍ സാധ്യതയുണ്ട്. മൂന്നേകാല്‍ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങളും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായത്.
കിഫ്ബി വഴി എടുക്കുന്ന വായ്പകള്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് പാലിക്കാന്‍ സംസ്ഥാനം ഒരുക്കമായിരുന്നില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തത്.

