സിൽവർ ലൈനിനുള്ള ബദൽ നിർദേശങ്ങൾ റയിൽവേ വകുപ്പിന് സമർപ്പിക്കും; വി മുരളീധരൻ

മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. പദ്ധതി അപ്രായോഗികമാണെന്നും സിൽവർ ലൈനിനുള്ള ബദൽ നിർദേശങ്ങൾ റയിൽവേ വകുപ്പിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെട്രോമാൻ ഇ. ശ്രീധരനുമായി പൊന്നാനിയിലെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹ്രസ്വ-ദീർഘകാല പദ്ധതിക്കായുള്ള നിർദേശങ്ങളാണ് സമർപ്പിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ പറയുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം, നിലവിലെ റെയിൽവേ സംവിധാനം ആധുനികവത്ക്കരിച്ച് കേരളത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് നടപ്പാക്കാൻ പറ്റുന്ന പദ്ധതി എന്ന നിലയ്ക്ക് കേരളത്തിലെ നിലവിലെ റെയിൽവേ ട്രാക്കുകൾ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുകയും ഇതുവഴി കൂടുതൽ ട്രെയിനുകൾ ഓടിക്കുകയും ചെയ്യുക എന്നതാണ് നിർദ്ദേശം.

ഇതുവഴി അധികമായി 2 ലക്ഷം യാത്രക്കാരെ റോഡിൽ നിന്ന് റെയിലിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് വേഗത്തിൽ നടപ്പാക്കാൻ കഴിയുക. സിൽവർ ലൈൻ പോലുള്ള പദ്ധതികൾക്ക് ചുരുങ്ങിയ സമയം പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.