രാജ്യത്ത് 64% പേര്‍ക്കും ദിനംപ്രതി മൂന്നോ നാലോ സ്പാം കോളുകളെന്ന് സര്‍വേ റിപ്പോര്‍ട്ട്‌

രാജ്യത്തെ 64% പേര്‍ക്കും ദിവസവും മൂന്നോ അതിലധികമോ സ്പാം കോളുകളോ സന്ദേശങ്ങളോ മൊബൈലില്‍ ലഭിക്കുന്നുവെന്ന് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. ട്രായിയുടെ ഡൂ നോട്ട് ഡിസ്റ്റര്‍ബില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോലും ഇത്തരത്തില്‍ സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമായി. പലരും ഇത് ഒരു പീഡനമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

സ്പാം കോളുകളില്‍ അമ്ബത്തിയൊന്ന് ശതമാനവും സാമ്പത്തിക വിഷയങ്ങളെ കുറിച്ചാണ്. റിയല്‍ എസ്റ്റേറ്റ് സംബന്ധിയായ സ്പാം കോളുകള്‍ 29 ശതമാനത്തോളമുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സേവനങ്ങള്‍, ഫോണിലെ ഓഫറുകള്‍, ജോലി ഓഫറുകള്‍ എന്നീ വിഷയങ്ങളെ കുറിച്ചും സ്പാം കോളുകള്‍ എത്തുന്നു. ഇത്തരത്തിലുള്ള പ്രമോഷണല്‍ കോളുകളില്‍ ആളുകള്‍ വഞ്ചിതരാവാനും സാധ്യതകളേറെയാണ്.

പ്രതിദിനം മുപ്പത്തിയഞ്ചിലധികം സ്പാം കോളുകള്‍ ലഭിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. ഇതേ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം കോളര്‍ ഐഡി ആപ്പായ ‘ട്രൂകോളര്‍’ പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഒരോ ഉപയോക്താവിനും ഒരു മാസത്തില്‍ ഏകദേശം 17 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്.