ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്‌

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ കൂട്ടവെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബഫലോ നഗരത്തിലെ ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റില്‍ സൈനികവേഷം ധരിച്ചെത്തിയ പേയ്ടെന്‍ ജെന്‍ഡ്രന്‍ എന്ന പതിനെട്ടു വയസുകാരന്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അക്രമിയുടെ കൈവശം ധാരാളം ആയുധങ്ങളുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഈ ഉദ്യോഗസ്ഥന്‍ അക്രമിയുടെ വെടിയേറ്റു മരിക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ കടന്ന് കൂടുതലാളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വംശീയ ആക്രമണമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം നടന്നത്. വെടിയേറ്റവരില്‍ 11 പേര്‍ കറുത്ത വര്‍ഗക്കാരാണ്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സ്വന്തം കഴുത്തിനുനേര്‍ക്കു തോക്കുചൂണ്ടിയ നിലയിലായിരുന്നു അക്രമി.