ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നരയ്ക്കാണ് ചടങ്ങ് നടന്നത്. ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിന് പിന്നാലെയാണ് മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതൃമാറ്റം നടപ്പാക്കിയത്.

ബിജെപി കേന്ദ്ര നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയാണ് മണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ലബ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം.