ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലിന് പുറത്തായിരുന്നു അപകടം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്സ്.
സൈമണ്ട്സ് താമസിച്ചിരുന്ന ടൗണ്‍സ്വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചിലായരുന്നു അപകടം. രാത്രി 11 മണിക്ക് ശേഷം ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു. വലംകൈയ്യന്‍ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്സ്.

