യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണം; ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി ശനിയാഴ്ച്ച രാജ്യത്ത് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും.

അതേസമയം, യുഎഇ പ്രസിഡന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ – യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ ശൈഖ് ഖലീഫ ബിൻ സായിദ് വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി അനുശോചിച്ചു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ പ്രസിഡന്റിന് ആദരാഞ്ജലികൾ അർപ്പിച്ചു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ബിൻ സായിദ് വഹിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.