തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും; ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് അനുമതി

തൃശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകി. കാലാവസ്ഥ അനുകൂലമായാൽ ശനിയാഴ്ച്ച തന്നെ വെടിക്കെട്ട് നടത്തും.

തൃശൂർ പൂരം ദിവസം പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് മഴ കാരണമാണ് മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഞായറാഴ്ച അവധി വരുന്നതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ശനിയാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താൻ ദേവസ്വം തീരുമാനിച്ചത്.

ആന്ധ്രാതീരത്തിന് മുകളിലെ ന്യൂനമർദം മൂലം അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്നായിരുന്നു ദേവസ്വങ്ങളുടെ നിലപാട്.

ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നു തൃശൂർ പൂരം മെയിൻ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. തലേദിവസം പെയ്ത കനത്ത മഴയെ തുടർന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി. ഇതോടെ ബുധനാഴ്ച വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെച്ചു. എന്നാൽ മഴ തുടർന്നതോടെ ബുധനാഴ്ച്ചത്തെ വെടിക്കെട്ടും മാറ്റിവെയ്ക്കുകയായിരുന്നു.