തിരുവനന്തപുരം: മിന്നലിന്റെ ദുരന്തം കുറയ്ക്കാൻ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ പുതിയ കർമ്മപദ്ധതി രൂപീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പദ്ധതിയുടെ ഭാഗമായി വില്ലേജ് തലത്തിൽ മിന്നൽ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. മിന്നലിന് 30 മിനിറ്റ് മുൻപ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനുള്ള ശ്രമമാണ് വിദഗ്ധർ നടത്തുന്നത്.
കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അതോറിറ്റി ഇതിന്റെ ഭാഗമായി മിന്നൽ സെൻസറുകൾ സ്ഥാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഐഎംഡിയുടെ റഡാറുകളുമുണ്ട്. പ്രകൃതിദുരന്തങ്ങൾ മൂലം രാജ്യത്ത് ഉണ്ടാകുന്ന മരണങ്ങളിൽ 39 ശതമാനവും സംഭവിക്കുന്നത് മിന്നലേറ്റാണ്.
2014 വരെ സംസ്ഥാനത്ത് മിന്നലേറ്റ് ശരാശരി 71 പേർ വീതം ഒരു വർഷം മരണപ്പെട്ടിരുന്നു ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മുന്നേറ്റവും ശാസ്ത്രീയ പ്രചാരണവും വഴി മരണത്തിന്റെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

