ഡൽഹിയിൽ വൻ തീപിടുത്തം; 27 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ വൻ അഗ്നിബാധ. ഡൽഹിയിലെ ഓഫീസ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിൽ 27 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രദേശവാസികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. 70 പേരെ രക്ഷപ്പെടുത്തിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം, അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുഖം രേഖപ്പെടുത്തി.