കൊച്ചി: തൃക്കാക്കരയിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശപത്രികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യപ്പെടുത്തി.
എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയാണുള്ളത്. 1 കോടി 30 ലക്ഷത്തിന്റെ ബാധ്യത അദ്ദേഹത്തിനുണ്ട്. 15 ലക്ഷം രൂപ വിലമതിക്കുന്ന കാർ സ്വന്തമായും ഭാര്യയ്ക്ക് എട്ടു ലക്ഷം രൂപ വിലയുള്ള കാറുമുണ്ട്.
വാഴക്കാലയിലുള്ള വീട് ജോയുടെയും ഭാര്യ ഡോ.ദയയുടെയും പേരിലാണ്. പൂഞ്ഞാറിൽ കുടുംബസ്വത്തായി ലഭിച്ച 1.84 ഏക്കർ ഭൂമിയുമുണ്ടെന്നും സ്വത്തുവിവര കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. അതേസമയം, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് 70 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഡോ.ജോ ജോസഫിനും ഉമ തോമസിനുമെതിരെ കേസുകളില്ല.
ഭർത്താവ് പി.ടി.തോമസിന് 97 ലക്ഷത്തിന്റെ ആസ്തിയുണ്ട്. വാഴക്കാലയിൽ ഏഴ് സെന്റ് സ്ഥലം ഉമയ്ക്കുള്ളപ്പോൾ പാലാരിവട്ടത്തെ വീടും ഉപ്പുതോടിലെ ഒന്നര ഏക്കർ ഭൂമിയും പി ടി തോമസിന്റെ പേരിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ ആകെ ആസ്തി 95 ലക്ഷം രൂപയാണ്. ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കാറും 20 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും സമരങ്ങളിൽ പങ്കെടുത്തതിന് ഉൾപ്പെടെ 178 ക്രിമിനൽ കേസുകളാണ് എ.എൻ. രാധാകൃഷ്ണന്റെ പേരിലുള്ളത്.

