ലഖ്നൗ: താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ലഖ്നൗ ബെഞ്ചാണ് ഹർജി തള്ളിയത്. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.
ബിജെപി അയോധ്യ മാദ്ധ്യമ വിഭാഗം തലവൻ രജനീഷ് സിങ്ങാണ് ഹർജി നൽകിയത്. പൊതുതാത്പര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ നിങ്ങൾ വന്ന് തങ്ങളോട് ജഡ്ജിമാരുടെ ചേംബറിൽ പോകാൻ ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചിരുന്നു.
കോടതിയിൽ ഇത്തരം ചർച്ചകൾ സ്വാഗതാർഹമല്ല. ഡ്രോയിംഗ് റൂമിൽ ഈ പ്രശ്‌നം ചർച്ച ചെയ്യാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വിഷയങ്ങളിൽ ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടോ. ഈ പ്രശ്‌നങ്ങൾ ചരിത്രകാരന്മാർക്ക് വിടണമെന്നും കോടതി വ്യക്തമാക്കി.
സംശയമുണ്ടെങ്കിൽ പോയി ഗവേഷണം ചെയ്യുക. എംഎ, പിഎച്ച്ഡി ചെയ്യുക. ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ഏതെങ്കിലും സ്ഥാപനം നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരൂവെന്നും അപ്പോൾ പരിഹരിക്കാമെന്നും കോടതി പറഞ്ഞു.
താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപിയാണ് രംഗത്തെത്തിയത്. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി അവകാശപ്പെട്ടിരുന്നു.

