ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി എത്തിയത് ട്രെയിനിൽ; റെയിൽവേ സ്റ്റേഷനിൽ അനുയായികളുടെ തിക്കും തിരക്കും

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി എത്തിയത് ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. സരയ് രോഹില റെയിൽവേ സ്റ്റേഷനിൽ രാഹുൽ എത്തുന്നുവെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാനായി നിരവധി പ്രവർത്തകരാണ് എത്തിയത്.

സാധാരണ റോഡ് മാർഗമോ ഹെലികോപ്ടർ മാർഗമോ ആണ് രാഹുൽ സഞ്ചരിക്കുന്നത്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ട്രെയിനിലാണ് യാത്ര നടത്തിയത്. യാത്രയ്ക്കിടെ പട്ടൗഡി റെയിൽവേ സ്റ്റേഷനിലും അദ്ദേഹത്തെ കാണാൻ നിരവധി പേരെത്തിയിരുന്നു.

അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നാനൂറോളം കോൺഗ്രസ് നേതാക്കളാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാനും പാർട്ടിയുടെ പുനരുജ്ജീവനവുമാണ് ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യുന്നത്.