ചെന്നൈ പൊരുതിത്തോറ്റു; മുംബൈക്ക് ജയം

എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റിന്റെ ജയം. ചെന്നൈ മുന്നോട്ടുവച്ച 98 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 34 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തിലക് വര്‍മ മുംബൈയുടെ ടോപ്പ് സ്‌കോററായി. മുകേഷ് ചൗധരി ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ ചെന്നൈ ഔദ്യോഗികമായി ഐപിഎല്‍ പ്ലേഓഫില്‍ നിന്ന് പുറത്തായി.

98 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കും നല്ല തുടക്കമല്ല ലഭിച്ചത്. ഇഷന്‍ കിഷന്‍ (6) ആദ്യ ഓവറില്‍ തന്നെ മടങ്ങി. താരത്തെ മുകേഷ് ചൗധരിയുടെ പന്തില്‍ ധോണി പിടികൂടി. മൂന്നാം നമ്ബറില്‍ ഡാനിയല്‍ സാംസ് ആണ് ഇറങ്ങിയത്. സാംസും രോഹിതും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 24 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. രോഹിതിനെ (18) മടക്കിയ സിമര്‍ജീത് സിംഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിതിനെയും ധോണി പിടികൂടുകയായിരുന്നു. ഡാനിയല്‍ സാംസും (1) ട്രിസ്റ്റന്‍ സ്റ്റബ്‌സും മുകേഷ് ചൗധരിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

അഞ്ചാം വിക്കറ്റില്‍ ഋതിക് ഷൊകീനും തിലക് വര്‍മയും ഒത്തുചേര്‍ന്നു. ഫലപ്രദമായി ചെന്നൈ ബൗളിംഗിനെ നേരിട്ട സഖ്യം സാവധാനം മുന്നോട്ടുപോയി. 48 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ ഷൊകീന്‍ (18) മടങ്ങി. മൊയീന്‍ അലിയെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ഷൊകീന്‍ ബൗള്‍ഡായി. തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് മൊയീന്‍ അലിക്കെതിരെ രണ്ട് സിക്‌സര്‍ നേടി മുംബൈയെ വിജയത്തിലെത്തിച്ചു. ടിം ഡേവിഡ് (16) നോട്ടൗട്ടാണ്.