50 വയസ് കടന്നവരാണോ; ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..

പ്രായം വർദ്ധിക്കുന്നതിന് അനുസരിച്ച് ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് മാറ്റങ്ങളുണ്ടാകും. പ്രായം വർദ്ധിക്കുന്നതിനോടൊപ്പം അവയവങ്ങളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. രോഗങ്ങൾ പിടിപെടുന്നതിനുള്ള സാധ്യതയും പ്രായം കൂടുമ്പോൾ കൂടുതലാണ്. അമ്പത് കടന്നവരാണെങ്കിൽ ജീവിത രീതികളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അമ്പത് കടന്നവർ നിർബന്ധമായും ഡയറ്റിൽ പല കാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണം ‘ബാലൻസ്ഡ്’ ആയി കഴിക്കണം. പ്രോസസ്ഡ് ഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതാണ്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ചിക്കൻ, സീഫുഡ്, സോയബീൻസ്, പാലുത്പന്നങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഇവയെല്ലാം മിതമായ അളവിൽ മാത്രം കഴിക്കുക. ബട്ടർ- ക്രീം പോലുള്ളവ ഒഴിവാക്കി ഓട്ട്സ്, ബ്രൗൺ റൗസ് തുടങ്ങിയവ കഴിക്കണം.

അമ്പത് കടന്നവർ കൃത്യമായ ഇടവേളകളിൽ ഇതിന് മെഡിക്കൽ പരിശോധന നടത്തുന്നത് നല്ലതാണ്. എല്ലായ്പോഴും ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാൻ ആശുപത്രിയിൽ പോവുകയെന്ന് സാധ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഷുഗർ, ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നിയന്ത്രണത്തിലാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ വീട്ടിൽ തന്നെ സജ്ജീകരിക്കാൻ ശ്രമിക്കണം. വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കണം. അമ്പത് കടന്നവർ ഹൃദയാരോഗ്യം കൂടി മുൻനിർത്തിയുള്ള വ്യായാമത്തിനാണ് പ്രാധാന്യം നൽകേണ്ടത്. കഠിനമായ വർക്കൗട്ടുകൾ അമ്പതിന് ശേഷമുള്ളവർ ചെയ്യേണ്ടതില്ല. യോഗം ചെയ്യുന്നതും വളരെ നല്ലതാണ്.

പുകവലിയും മദ്യപാനവും ഒഴിവാക്കണം. പുകവലിയുടെയോ മദ്യപാനത്തിന്റെയോ ദൂഷ്യഫലങ്ങളെ നേരിടാൻ ശരീരത്തിന് ശേഷി കുറയും. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും.