വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഉപഗ്രഹ ഇന്റർനറ്റ് ശൃംഖലയ്ക്ക് നേരെയുണ്ടായ വൻ സൈബറാക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് ആരോപണം. യുഎസ്, ബ്രിട്ടൻ, കാനഡ, എസ്തോണിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യുക്രൈന് നേരെ റഷ്യ സൈബറാക്രമണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിയാസാറ്റിന്റെ കെഎ-സാറ്റ് നെറ്റ്‌വർക്കിന് നേരെ സൈബറാക്രമണം നടന്നത്.
യുക്രൈനിന്റെ ആശയവിനിമയങ്ങൾക്ക് തടയിടാൻ വേണ്ടിയായിരുന്നു റഷ്യയുടെ നടപടിയെങ്കിലും ഇതിന്റെ അനന്തര ഫലങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും നേരിടേണ്ടി വരുന്നുണ്ട്. വിയാസാറ്റിന് നേരെയുണ്ടായ സൈബറാക്രമണം യൂറോപ്യൻ രാജ്യങ്ങളേയും പ്രതികൂലമായി ബാധിച്ചു. ഇന്റർനെറ്റ് മോഡം പ്രവർത്തന രഹിതമായതിനെ തുടർന്ന്. പലർക്കും അവ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയുണ്ടായി.
യുക്രൈൻ സൈന്യത്തിനും പോലീസ് യൂണിറ്റുകൾക്കും ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകിയിരുന്ന ശൃംഖലയാണ് കെഎ-സാറ്റ്. തുടർന്നാണ് ഈ സേവനത്തിന് നേരെ ആക്രമണം ഉണ്ടായത്. അതേസമയം, സൈബറാക്രമണം ഏത് രീതിയിലാണ് യുക്രൈനിന്റെ സൈനിക നീക്കത്തെ ബാധിച്ചതെന്ന് വ്യക്തമല്ല.

