കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ദിലീപിനെതിരെ പുതിയ തെളിവുണ്ടോയെന്ന് പ്രോസിക്യൂഷനോട് വിചാരണക്കോടതി ചോദ്യമുന്നയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍, ദിലീപ് നേരിട്ട് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവാണ് പ്രോസിക്യൂഷന്റെ പക്കലുള്ളതെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും, പൊതുജനാഭിപ്രായമല്ല തെളിവുകളാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും പോലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.

