ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 തന്നെ; സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലില്‍ വ്യക്തമാക്കുന്നത്.

1 മുതല്‍ 8)ം വരെയുള്ള ക്ലാസ് വിദ്യാര്‍ഥികളില്‍ നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു. 9-ാം ക്ലാസ് വരെ പ്രവേശനത്തിനന് 3 മാസത്തെയും 10-ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അനുവദിക്കാം. പിടിഎ, ക്ലാസ് പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, ഫണ്ട് വിനിയോഗം എന്നിവയും മാന്വലില്‍ വിശദമാക്കുന്നു.

അതേസമയം, പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണമെന്നും അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. പഠന പ്രവര്‍ത്തന മേല്‍നോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക-പിടിഎ പ്രതിനിധികള്‍ക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധന്‍, പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവരും ഉള്‍പ്പെട്ടതാകണം സമിതി.