ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്തുവിട്ട് ഗവേഷകർ. കോവിഡ് രോഗമുക്തി നേടിയ പകുതിയിലേറെപ്പേരിലും രണ്ട് വർഷത്തിന് ശേഷവും ചുരുങ്ങിയത് ഒരു രോഗലക്ഷണമെങ്കിലും പ്രകടമാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് ആണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഗുരുതരമാവുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുർബലമാവുകയും രോഗിയുടെ ആരോഗ്യ-മാനസിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ചവരിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തുമെങ്കിലും രണ്ട് വർഷത്തിനു ശേഷവും ചിലരിൽ ലക്ഷണങ്ങൾ കണ്ടുവരാറുണ്ടൈന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നുണ്ട്. രോഗബാധിതരിലെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനായുള്ള ചികിത്സാ ഇടപെടലുകൾ ആവശ്യമാണ്. കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതൽ ഒരു വർഷം വരെ രോഗലക്ഷണങ്ങൾ, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനം ആവശ്യപ്പെട്ടുന്നുണ്ട്.

