തിരുവനന്തപുരം: മാസം പകുതിയോട് അടുത്തിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ കെഎസ്ആർസി. സർക്കാർ വിഹിതം കിട്ടിയെങ്കിലും ശമ്പളത്തിനുള്ള ബാക്കിത്തുക എങ്ങനെ കണ്ടെത്തണമെന്ന കാര്യത്തിൽ കെഎസ്ആർടിസിയ്ക്ക് ഇപ്പോഴും ധാരണയായില്ല. കടംവാങ്ങാനായി ബാങ്കുകളെ സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല. അറ്റകൈ പ്രയോഗം എന്നനിലയിൽ തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം കണ്ടെത്താനുള്ള ആലോചന മാനേജ്മെന്റ് തലത്തിൽ സജീവമാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
400 കോടി രൂപയെങ്കിലും ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കെഎസ്ആർടിസിയുടെ 52 ഡിപ്പോകൾ നിലവിൽ പണയത്തിലാണ്. 3100 കോടി രൂപയാണ് ഈ ഡിപ്പോകൾ ഈടുവച്ച് കെഎസ്ആർടിസി വായ്പയായി എടുത്തിട്ടുള്ളത്. ഡിപ്പോയും സബ് ഡിപ്പോയും ഓപ്പറേറ്റിംഗ് സെന്ററുമായി 94 കേന്ദ്രങ്ങളും അഞ്ച് റീജിയണൽ വർക്ക്‌ഷോപ്പുകളും ചീഫ് ഓഫീസുമാണ് കെ എസ് ആർ ടി സിക്കുള്ളത്.
ഇതിൽ മുപ്പതെണ്ണംകൂടി പണയപ്പെടുത്തുന്നതോടെ കെഎസ്ആർടിസിയ്ക്ക് സ്വന്തമാണെന്ന് പറയാനാകുന്നത് വിരലിലെണ്ണാവുന്ന ചില ഡിപ്പോകൾ മാത്രമാകും. പണയംവച്ച ഡിപ്പോകൾ എങ്ങനെ തിരിച്ചെടുക്കുമെന്ന കാര്യത്തിലും ധാരണയില്ല.

