തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുംവിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കേരളം കേന്ദ്ര സർക്കാരിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് വിവരം.
ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകുന്ന വിശദീകരണം. ശമ്പളം മുടങ്ങാതിരിക്കാൻ കഴിഞ്ഞ മാസം സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം സർക്കാർ മുന്നോട്ടു പോകുന്നത്.
കേന്ദ്ര സർക്കാർ കേരളത്തിന് ഇതുവരെ കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല. മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വ്യക്തമാക്കി.

