കര്‍ഷകശ്രീ മേള; പ്രശംസിച്ച് സഹകരണ വകുപ്പ്‌ മന്ത്രി വി.എന്‍ വാസവന്‍

അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ജര്‍മനി എന്നിവടങ്ങളിലേയ്ക്ക് വാട്ടുകപ്പ കയറ്റുമതി ചെയ്ത വാരപ്പെട്ടി ബാങ്കിനെ പ്രശംസിച്ച് മന്ത്രി വി.എന്‍ വാസവന്‍. ഈ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടുന്ന കിറ്റില്‍ കഴുകിയുണക്കിയ വാട്ടുകപ്പയ്‌ക്കൊപ്പം മസാലക്കൂട്ടുമുണ്ടെന്നതാണ് പ്രധാന സവിശേഷത. കപ്പ വേവിച്ച ശേഷം മസാലക്കൂട്ടും സവോളയും ചേര്‍ത്ത് ഇളക്കി, താല്‍പര്യമനുസരിച്ച് തക്കാളി, മാംസം, മത്സ്യം എന്നിവ ചേര്‍ത്താല്‍ കപ്പബിരിയാണിയായി. നൂഡില്‍സും പാസ്തയുമൊക്കെ പോലെ കേരളത്തിന്റെ തനതു വിഭവമായി ഇത് ലോകമെങ്ങും എത്തിക്കാനുള്ള ശ്രമത്തിലാണ് കോട്ടയം കോതമംഗലത്തിനു സമീപമുള്ള വാരപ്പെട്ടി ബാങ്ക്. വാട്ടുകപ്പയ്ക്കു പുറമെ സ്വന്തമായി സംസ്‌കരിച്ചെടുത്ത വെളിച്ചെണ്ണ, ഉണക്കച്ചക്ക, അവല്‍കപ്പ, വാക്വം ഡ്രൈ ചെയ്ത നേന്ത്രപ്പഴം എന്നിവയും വാരപ്പെട്ടി ബാങ്കിന്റെ സ്റ്റാളില്‍ ലഭ്യമാണ്.

ആന്തൂറിയം ബ്ലാക്ക് ഉള്‍പ്പെടെ പതിനഞ്ചോളം ഇനങ്ങളും മൂന്ന് ഓര്‍ക്കിഡ് ഇനങ്ങളും സ്റ്റാളില്‍ വില്‍പനക്കുണ്ട്. നാളികേരത്തിന്റെ സുഗന്ധമുള്ള കോക്കനട്ട് ഓര്‍ക്കിഡാണ് ഓര്‍ക്കിഡ് ഇനങ്ങളിലെ പുതുമ. ഇതിന് 1000 രൂപയോളം വില വരും കൂടാതെ ഓന്‍സിഡിയം ഫെലനോപ്‌സിസ് ഇനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ അന്തൂറിയം, ഓര്‍ക്കിഡ്, പച്ചക്കറി വിത്തുകള്‍ എന്നിവയുമുണ്ട്. ഇന്തോ അമേരിക്കന്‍ ഹൈബ്രിഡ് സീഡ്‌സിന്റെ കാറ്റലോഗ് പരിശോധിച്ച് ചെടികള്‍ ഓര്‍ഡര്‍ ചെയ്യാനും അവസരമുണ്ട്. നടീല്‍വസ്തുക്കള്‍ കൊറിയര്‍മാര്‍ഗം വീട്ടിലെത്തും.

കറികളും മറ്റും പാകം ചെയ്യുമ്പോള്‍ കൊഴുക്കുന്നതിനായി കോണ്‍ഫ്‌ലോര്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ കോണ്‍ഫ്‌ലോറിനേക്കാള്‍ മെച്ചപ്പെട്ട പകരക്കാരനെ അവതരിപ്പിക്കുയാണ് കോട്ടയം ജില്ലയില മാനവെട്ടം ഫുഡ് പ്രോഡക്ട്‌സ്. ശീമച്ചേമ്പിന്റെ പൊടിയാണ് ഇവര്‍ കോണ്‍ഫ്‌ലോറിനു ബദലായി കര്‍ഷകശ്രീ കാര്‍ഷികമേളയില്‍ അവതരിപ്പിക്കുന്നത്. ചേമ്പുപൊടിക്കു പുറമേ പ്രാദേശികമായി സംസ്‌കരിച്ച അരി, കൂവ, ഉണക്കക്കപ്പ, മുളക്, കുരുമുളക്, മഞ്ഞള്‍ ,മല്ലി തുടങ്ങിയയുടെ പൊടി, സ്വന്തമായി സംസ്‌കരിച്ച വെളിച്ചെണ്ണ എന്നിവയൊക്ക ഇവിടെ ലഭിക്കും.