കോഴിക്കോട്: മലപ്പുറത്ത് നടന്ന സമസ്തയുടെ വേദിയില്‍ നിന്ന് പെണ്‍കുട്ടിയെ ഇറക്കി വിട്ട സംഭവത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രംഗത്ത്. ‘പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ തീപ്പന്തമായി കത്തിനില്‍ക്കുന്ന കാലത്താണിത്’- മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തില്‍ സമസ്തക്കെതിരെ കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് രംഗത്തെത്തി. ‘പെണ്‍കുട്ടിയുടെ ആത്മാഭിമാനം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്. ഇനി ജീവിതത്തില്‍ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പെണ്‍കുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല .ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയില്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ സമസ്ത നേതാക്കളെ ന്യായീകരിക്കാന്‍ ഉള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെണ്‍കുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേല്‍ വിവേചനം ചൊരിയരുത്. ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. കേരളത്തില്‍ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം. ഓരോ സമുദായവും സ്വയം വിമര്‍ശനത്തിലൂടെയാണ് നവീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം.കാലത്തിനനുസരിച്ച് സ്വയം വിമര്‍ശനം നടത്താന്‍ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണം’- ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സമസ്ത വേദിയിലെ സംഭവം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും നേരത്തെ പ്രതികരിച്ചിരുന്നു.

