പാര്‍ട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി തോമസ്‌

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ‘പാര്‍ട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തലമുറമാറ്റം വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു കൂടി ബാധകമല്ലേ എന്നും കെ.വി തോമസ് ചോദിച്ചു.

കെ.വി തോമസിന്റെ വാക്കുകള്‍

‘ഇടതുമുന്നണിയോട് താല്‍പര്യം തോന്നാന്‍ കാരണം അവരുടെ വികസന കാഴ്ചപ്പാടാണ്. വികസനകാര്യങ്ങള്‍ വരുമ്പോള്‍ അനാവശ്യമായ രാഷ്ട്രീയം കൊണ്ടുവരരുത്. യു.ഡി.എഫ്. 2018 മുതല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തന്നെ മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. പുതുതലമുറയ്ക്കു വേണ്ടി മാറിനില്‍ക്കണം എന്നു പറയുമ്പോള്‍ തനിക്ക് മാത്രമാണോ അത് ബാധകം? എ.കെ ആന്റണി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധികാരത്തിന്റെ താക്കോലുമായാണ് അദ്ദേഹം ഡല്‍ഹിക്ക് പോയത്. ഇപ്പോഴല്ലേ അത് തിരിച്ചു കൊടുക്കുന്നത്. എത്ര വര്‍ഷമായി? തന്നെക്കാള്‍ ഒരുവയസ്സു കുറവേയുള്ളൂ കെ. സുധാകരന്. അദ്ദേഹം അടുത്ത തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുമോ? വി.ഡി. സതീശന്‍ അഞ്ചു ടേം കഴിഞ്ഞു. അടുത്ത തലമുറയ്ക്കു വേണ്ടി മാറിക്കൊടുക്കുമോ? സ്വന്തം കാര്യം വരുമ്പോള്‍ ഒരു നിയമവും തന്നേപ്പോലുള്ളവരുടെ കാര്യം വരുമ്പോള്‍ ഒറ്റപ്പിടിത്തവുമാണ്.’