വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് തോന്നിയാൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ആണവായുധം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. യുഎസ് ഇന്റലിജൻസ് ചീഫാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റഷ്യൻ അധിനിവേശത്തെ തുടർന്ന് ലോകം നേരിടുന്ന ഭീഷിണിയെ കുറിച്ച് യുഎസ് സെനറ്റിൽ പ്രസ്താവന നടത്തവെയായിരുന്നു നാഷണൽ ഇന്റലിജൻസ് മേധാവി അവ്‌റിൽ ഹെയ്‌നിസിന്റെ പ്രസ്താവന.
യുക്രൈന് പിന്തുണ നൽകുന്ന രാജ്യങ്ങളേക്കാൾ തങ്ങൾ ശക്തരാണെന്ന് തെളിയിക്കുന്നതിനും റഷ്യ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല. യുക്രൈന് അമേരിക്കയും സഖ്യകക്ഷികളും നൽകുന്ന പിന്തുണ പുട്ടിനെ പരിഭ്രാന്തനാക്കിയിരിക്കുകയാണ്. അതിന് പ്രതികാരമെന്ന നിലയിലായിരിക്കാം ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യ തയാറാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം ആരംഭിച്ച് 75 ദിവസങ്ങൾ പിന്നിട്ടിട്ടും യുദ്ധം പൂർണ്ണമായും വിജയിക്കുന്ന ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. റഷ്യയ്ക്ക് വൻ സൈനിക തിരിച്ചടി ലഭിക്കുന്നതും പുടിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിനാൽ പുടിൻ ആണവായുധം പ്രയോഗിക്കുമോയെന്ന ആശങ്കയിലാണ് ലോകം.

