കൊച്ചി: തൃക്കാക്കരയിൽ ബദൽ നീക്കവുമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ആംആദ്മി പാർട്ടി അനുയായികൾ. വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് അരവിന്ദ് കേജ്രിവാൾ ഫാൻസ് ക്ലബ് എന്ന കൂട്ടായ്മയുടെ നീക്കം. കൂട്ടായ്മയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ആംആദ്മി സംസ്ഥാന കൺവീനർ അറിയിച്ചു.
തൃക്കാക്കരയിൽ 13897 വോട്ടാണ് ട്വന്റി ട്വന്റി കഴിഞ്ഞ തവണ നേടിയത്. 2014 ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി എറണാകുളത്ത് മത്സരിച്ച അനിതാ പ്രതാപ് തൃക്കാക്കര മേഖലയിൽ 9000 ത്തിലേറെ വോട്ടുകൾ നേടിയിരുന്നു. ഈ വോട്ടുകൾ ഒന്നിച്ച് പെട്ടിയിലാക്കാനാണ് കെജ്രിവാൾ ഫാൻസ് ക്ലബ് ശ്രമിക്കുന്നത്.
സംയുക്ത സ്ഥാനാർത്ഥി വേണ്ടെന്ന് ആം ആദ്മി നേതൃത്വം തീരുമാനിച്ചതോടെയാണ് അനുയായികൾ ബദൽ നീക്കം ആരംഭിച്ചത്. പാർട്ടി കേന്ദ്ര നേതൃത്വവുമായി അടുപ്പമുളള വിൻസന്റ് ഫിലിപ്പിനെ സ്ഥാനാർഥിയാക്കാനായിരുന്നു വിമതരുടെ നീക്കം. എന്നാൽ, വിൻസൻറ് പിൻമാറിയതോടെ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ആംആദ്മി പാർട്ടി അനുയായികൾ തീരുമാനിച്ചത്.
അതേസമയം, ആംആദ്മിയുമായി ബന്ധമില്ലെന്നും പക്ഷേ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥി ബോസ്കോ കളമശേരി അറിയിച്ചു. കെജ്രിവാളിന്റെ പേരുപയോഗിച്ച് നടത്തുന്ന വിമത നീക്കങ്ങളുമായി പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് ആം ആദ്മി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. വിമതരുമായി സഹകരിക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും ആംആദ്മി സംസ്ഥാന കൺവീനർ പി സി സിറിയക് കൂട്ടിച്ചേർത്തു.

