കൊളംബോ: ശ്രീലങ്കക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്ത്. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കുമായി ഇന്ത്യ സമ്ബൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രക്ഷോഭങ്ങളിലേക്ക് രാജ്യം കടന്നതോടെയാണ് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജി വയ്ക്കുന്നത്. രാജ്യത്തെ പ്രക്ഷോഭത്തില്‍ എട്ട് പേര്‍ മരിക്കുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി മന്ത്രിമാരുടെയും മറ്റും വീടുകളും വാഹനങ്ങളും സമരക്കാര്‍ തീയിട്ട് നശിപ്പിച്ചു. മഹിന്ദയുടെ ഹമ്പന്‍തോട്ടയിലെ കുടുംബ വീടും കുറുനെഗല സിറ്റിയിലെ വസതിയും അഗ്‌നിക്കിരയാക്കി. മുന്‍ മന്ത്രി ജോണ്‍സ്റ്റന്‍ ഫെര്‍ണാന്‍ഡോയുടെയും നാല് എം.പിമാരുടെയും രണ്ട് മേയര്‍മാരുടെയും ഔദ്യോഗിക വസതികള്‍ തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തു. സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം കാണുന്ന ഏറ്റവും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. മഹിന്ദ രാജപക്സയുടെ അനുജനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോതബയ രാജപക്‌സ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
അതേസമയം, രാജപക്‌സെയും കുടുംബവും ട്രിങ്കോമാലിയിലെ നാവികത്താവളത്തില്‍ ഒളിച്ചു കഴിയുന്നുവെന്നാണ് വിവരം. ശ്രീലങ്കന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമാവുകയും അവശ്യസാധനവില കുതിച്ചുയരുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടിയായി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീന്‍പിടിത്തവും നിലച്ചു. പരീക്ഷകള്‍ വരെ മാറ്റി. വൈദ്യുതി നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി.

