കോടതിയ്ക്കും ഒരു ലക്ഷ്മണ രേഖയുണ്ട്; അതൊരിക്കലും മറികടക്കാൻ പാടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നുവെന്നും എന്നാൽ കോടതിയ്ക്കും ഒരു ലക്ഷ്മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനവും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി സർക്കാരിനെയും നിയമനിർമാണ സഭയെയും ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരും കോടതിയെ ബഹുമാനിക്കണം. ഇക്കാര്യത്തിൽ കൃത്യമായ അതിർവരമ്പുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളെയും അതിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം താത്ക്കാലികമായി മരവിപ്പിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചത്. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്ന നിർദ്ദേശവും കോടതി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

124 എ വകുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തിൽ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് സംസ്ഥാനങ്ങളെയും പോലീസിനെയും വിലക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.