കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത പട്ടിണിയാണ് നേരിടുന്നതെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം. അഫ്ഗാനിലെ 19.7 ദശലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്നും രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യം അതിന്റെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ദശലക്ഷക്കണക്കിന് ആളുകളുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് അഫ്ഗാനിലെ ജനങ്ങൾക്കായി അന്താരാഷ്ട്ര സമൂഹം വലിയ രീതിയിലുള്ള സംഭാവനകൾ നൽകിയിരുന്നു. ഇത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അതേസമയം, രാജ്യത്തെ പട്ടിണി ഇപ്പോഴും അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂൺ-നവംബർ മാസത്തോടെ ഭക്ഷ്യസുരക്ഷയിൽ നേരിയ പുരോഗതിയുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. കുട്ടികൾ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ സാമ്പത്തിക മന്ത്രാലയം ആവിഷ്‌കരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

