ന്യൂഡൽഹി: രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രീം കോടതി നിലപാട് സ്വാഗതാർഹമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഎം എതിരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും ഇത്തരം നിയമങ്ങളുടെ ദുരുപയോഗമാണ് മോദി ഭരണത്തിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാമ നവമി ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യത്തൊട്ടാകെ നടന്ന വർഗീയ അക്രമങ്ങൾ സിപിഎം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു മത വിഭാഗത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഒഴിപ്പിക്കൽ നടപടികളാണ് ഇപ്പോൾ ഷഹീൻബാഗിൽ നടക്കുന്നത്. അവിടെ ബുൾഡോസർ രാജ് നടക്കുകയാണ്. ഒഴിപ്പിക്കുന്നതിന് മുന്നേ ജനങ്ങളെ പുനരധിവസിപ്പിക്കണം. രാജ്യത്ത് സമാധാനം നിലനിൽക്കണമെന്ന ആവശ്യവും സീതാറാം യെച്ചൂരി മുന്നോട്ടുവെച്ചു.

