തിരുവനന്തപുരം: മലപ്പുറത്ത് നടന്ന ചടങ്ങില്‍ വെച്ച് പെണ്‍കുട്ടിയെ മത നേതാവ് അപമാനിച്ച സംഭവത്തില്‍ അപലപിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന് ഉപഹാരം ഏറ്റുവാങ്ങാനായി പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
‘സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും’- സതീദേവി ചൂണ്ടിക്കാട്ടി.
ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.

