ഐപിഎല്ലില്‍ ഡല്‍ഹിക്ക് മിന്നും ജയം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും ജയം. 11 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ നിന്ന് ഏഴ് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്ബടിയില്‍ 89 റണ്‍സ് എടുത്തപ്പോള്‍ വാര്‍ണര്‍ 41 പന്തില്‍ നിന്ന് ഒരു സിക്സിന്റേയും 5 ഫോറുകളുടേയും അകമ്ബടിയില്‍ 52 റണ്‍സ് നേടി.

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ രവിചന്ദ്ര അശ്വിന്റെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. അശ്വിന്‍ 38 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്ബടിയില്‍ 50 റണ്‍സെടുത്തു. ദേവദത്ത് പടിക്കല്‍ 30 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും ആറ് ഫോറുകളുടേയും അകമ്ബടിയില്‍ 48 റണ്‍സെടുത്തു . ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷും ആന്‍ഡ്രിച്ച് നോര്‍ക്കേയും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറില്‍ രാജസ്ഥാന്റെ തുറുപ്പ് ചീട്ട് ജോസ് ബട്ലറെ കൂടാരം കയറ്റി ചേതന്‍ സകരിയയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ അശ്വിന്‍ പതിയെ ടീം സ്‌കോര്‍ ഉയര്‍ത്തി. ആദ്യ പത്തോവറുകളില്‍ ഇഴഞ്ഞു നീങ്ങിയ രാജസ്ഥാന്‍ സ്‌കോറിനെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദേവദത്ത് പടിക്കലാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. വെറും ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റന്‍ സംഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.