വാഹന സ്‌ക്രാപ്പിംഗ് നയം: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പിംഗ് നയം 2024 അവസാനത്തോടെ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘വാഹന സ്‌ക്രാപ്പിംഗ് നയം മലിനീകരണം കുറക്കും. കുറഞ്ഞ ചെലവില്‍ മേഖലയിലെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കും. കോപ്പര്‍, സ്റ്റീല്‍, അലുമിനിയം, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവ എളുപ്പത്തില്‍ ലഭ്യമാകും എന്നതാണ് ഈ നയത്തിന്റെ ഏറ്റവും വലിയ നേട്ടം. വരും ദിവസങ്ങളില്‍ ഇത്തരം നിരവധി പുതിയ സൗകര്യങ്ങള്‍ തുറക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പരിസ്ഥിതി ശുചീകരണത്തിലും ഈ നയം പ്രധാന പങ്ക് വഹിക്കും’- അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ നുഹ് ജില്ലയിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സൗകര്യം ജപ്പാനില്‍ നിന്നുള്ള അഭിഷേക് ഗ്രൂപ്പും കൈഹോ സാംഗ്യോയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്. വാഹനങ്ങളില്‍ നിന്നുള്ള പരമാവധി ഘടകങ്ങള്‍ സംരക്ഷിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാന്റാണിത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത വാഹന സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം മാരുതി സുസുക്കിയും ടൊയോട്സു വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ആന്‍ഡ് റീസൈക്ലിംഗ് സെന്ററും സംയുക്തമായാണ് നടത്തുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് അനുയോജ്യമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനും മെച്ചപ്പെട്ട സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വാഹന സ്‌ക്രാപ്പേജ് പോളിസി ആരംഭിച്ചത്. ഈ മെറ്റീരിയല്‍ റീസൈക്ലിംഗ് മേഖല രാജ്യത്തുടനീളമുള്ള ഏകദേശം 4 കോടി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുമെന്നും 2025 ഓടെ ഈ എണ്ണം അഞ്ചു കോടിയായി ഉയരുമെന്നും കേന്ദ്രം അവകാശപ്പെടുന്നു.