ബേബി ബര്‍ത്ത് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടയില്‍ കൈക്കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താനുള്ള ബേബി ബര്‍ത്ത് സംവിധാനമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് സംവിധാനം ആദ്യമായി ആരംഭിച്ചത്.

ലോവര്‍ ബര്‍ത്തിനൊപ്പം തന്നെ കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആവിഷ്‌ക്കരിച്ചത്.

അതേസമയം, ആവശ്യമില്ലെങ്കില്‍ ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവം 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം ജയിച്ചാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.