പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലേക്ക്; ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലേക്ക്. ശ്രീബുദ്ധന്റെ 2566-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹം നേപ്പാൾ സന്ദർശിക്കുന്നത്. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലേക്കാണ് അദ്ദേഹം എത്തുന്നത്. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുബിനിയിലെത്തുന്ന നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ രാജ്യത്തേക്ക് സ്വീകരിക്കും.

ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തും. അശോക സ്തംഭവും ബോധിവൃക്ഷവും അദ്ദേഹം സന്ദർശിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമ്മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും തിങ്കളാഴ്ച്ച നിർവ്വഹിക്കും. നേപ്പാൾ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്നാണ് ശിലാസ്ഥാപനം നിർവ്വഹിക്കുന്നത്. ബുദ്ധ ആശ്രമ നിർമ്മാണത്തിന് ഇന്ത്യ സഹായം നൽകുന്നത് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ വഴിയാണ്.