മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല: കെ. സുധാകരന്‍

കൊല്ലം: മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും, അവരെ സ്ഥാനത്ത് നിന്നു മാറ്റുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കുപ്പണയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിന് പകരം നിര്‍മ്മിച്ച തോപ്പില്‍ രവി സ്തൂപത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

‘ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെയും നീക്കും. കോണ്‍ഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണം. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കും. സി.പി.എമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്’- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തൃക്കടവൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സായ് ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം.ഷെഫീര്‍, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം. ലിജു, ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരന്‍, സൂരജ് രവി, ടി.യു. രാധാകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍, കുറ്റിയില്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.